Sunday, September 13, 2020

ഇന്ത്യ - വിവേകാനന്ദ റോക്കിൽ നിന്നൊരു ഉൾകാഴ്‌ച




സമയം ഏകദേശം 11മണി വെയിൽ ശക്തമായി തുടങ്ങി. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ വാവാതുരൈ ബീച്ചിലേക്ക്. റോഡിൽ നല്ല തിരക്കുണ്ട്. റോഡിനിരുവശവും തണൽ മരങ്ങൾ ഉള്ളതിനാൽ ചൂട് അനുഭവപ്പെടുന്നില്ല. വഴിയിൽ അവിടിവിടെയായി വഴിക്കച്ചവടക്കാർ ഓരോ സാധനങ്ങൾ വിൽക്കുന്നു.  കണ്ടപ്പോൾ  ഒരു കൗതുകം തോന്നി, ഞങ്ങൾ എല്ലാവരുംനൂറു രൂപയുടെ  ഓരോ സൺഗ്ലാസ് വാങ്ങി. വെറുതെ  വാങ്ങിയതാണെങ്കിലും പിന്നീട് അതിനു നല്ല ഉപയോഗവും ഉണ്ടായി. വിവേകാനന്ദ റോക്കിലെ വെയിൽ അത്രക്ക് ശക്തമായിരുന്നു. വാവാതുരൈ ബീച്ചിലേക്ക് ചെറിയൊരു ഇറക്കം ഇറങ്ങി പോകേണ്ടതുണ്ട്. വിവേകാനന്ദ റോക്കിലേക്കുള്ള ബോട്ടിന്, ബോട്ടിംഗ് ഡോക്കിലേക്കു എത്താൻ ഒരു ബിൽഡിംഗ്‌ ൽ കൂടി കയറി പോയി ക്യു നിന്ന് ടിക്കറ്റ് കൌണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കണം. ടിക്കറ്റ് നിരക്ക് ₹50. അങ്ങനെ ഞങ്ങൾ ബോട്ട്ജെട്ടി യിൽ എത്തി. നല്ല തിരക്കുണ്ട്. അവിടെ പല സ്ഥലങ്ങളിലായി ലൈഫ് ജാക്കറ്റ് കൊടുക്കുന്നുണ്ട്  ശക്തമായ വേലിയേറ്റം ഉള്ള കടലാണ്. നല്ല തിരകൾ ഉയർന്നുവരുന്നു. ബോട്ട് നന്നായി ഇളകുന്നത് കൊണ്ട് കയറാൻ കുറച്ചു പാടുപെടേണ്ടി വന്നു. ബോട്ടിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വെള്ളത്തിൽ പൊങ്ങിയും താന്നുമുള്ള ബോട്ട് യാത്ര ഏറെ കൗതുകകരമാണ്.
 

ഇവിടെ നിന്ന് 500 മീറ്റർ ദൂരം മാത്രമേ ഉള്ളു വിവേകാനന്ദ പാറയിലെത്താൻ. ദൂരെ രണ്ടു പാറകൾ ഉയർന്നു നില്കുന്നത് കാണാം. ഒന്നിൽ വിവേകാനന്ദ സ്മൃതി മണ്ഡപവും ശ്രീപാദം ടെംപിളും, തൊട്ടടുത്ത ചെറിയ പാറയിൽ ഏകദേശം 133 അടി ഉയരത്തിൽ ഉള്ള തിരുവള്ളുവർ പ്രതിമയും. 5 മിനിറ്റ് യാത്രയിൽ ബോട്ട് വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ ജെട്ടിയിൽ എത്തി. ഇവിടെ വെയിലിനു പൊള്ളുന്ന ചൂടുണ്ട്. പോരുന്നവഴിക്ക് കൂളിംഗ് ഗ്ലാസ്‌ വാങ്ങിയതിന്റെ ഗുണം അപ്പോഴാണ് അറിഞ്ഞത്. വിവേകാനന്ദ സ്മൃതി മണ്ഡപത്തിന്റ പ്രവേശനകവാടത്തിലേക്കെത്താൻ വീണ്ടും ക്യു നിൽക്കേണ്ടിവന്നു. റോക്ക്ന്റെ സൈഡിൽ കടലിനോട് ചേർന്ന ഒരു പാസ്സേജിലൂടെയാണ് മുകളിലേക്കു പോകേണ്ടത്. അവിടെ നിന്നു നോക്കിയാൽ കടൽ കാഴ്ചകളും വാവാതുരേ ബീച്ചും മറ്റു തീരക്കാഴ്ചകളും കൂടാതെ  ഭഗവതി അമ്മൻ ടെംബിൾ,  ഫിഷിങ് ഹാർബർ, സൺറൈസ് പോയന്റ്, ഔർ ലേഡി ഓഫ് റാൻസോം കാത്തോലിക് ചർച്  എന്നിവയും കാണാം. അങ്ങു ദൂരെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യ പർവ്വതനിരകൾ ഉയർന്നു നിൽക്കുന്നു. അവിടെ നിന്ന് നമ്മുടെ ഭാരതഭൂമിയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു ചിത്രകാരൻ തന്റെ ചിത്രത്തെ അതിന്റെ നിർമാണാന്ത്യത്തിൽ  തെല്ലു മാറിനിന്നു നോക്കിക്കാണുന്ന ഒരു പ്രതീതി. ഇവിടെ നിന്നു നമ്മുടെ നാടിനെ കുറിച്ചു  ചിന്തിക്കുന്ന ഏതൊരാൾക്കും ഒരു ഉൾകാഴ്ചക്ക് വക നൽകുന്നൊരാന്തരീഷം. ക്യു കുറച്ചൊന്നു നീങ്ങി തുടങ്ങി. മുകളിലേക്ക് കുറെ പടികൾ കയറി പോകാനുണ്ട്. അവിടെ ഒരു സ്ഥലത്തു പാദരക്ഷകൾ സൂക്ഷിക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്ന് ചെരുപ്പഴിച്ചപ്പോൾ കാല് ചുട്ടുപൊള്ളുന്ന ചൂട്. ചൂടിനെ അതിജീവിക്കാൻ നടപ്പാതകളിൽ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം എഴുപത്തഞ്ച് അടിയോളം ഉയർന്നുനിൽകുന്നതും, ഏകദേശം  പതിനേഴായിരം ചതുരസ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതുമായ വിവേകാനന്ദ റോക്കിന്റെ ഒരു വശത്തു ശ്രീപാദം ടെംപിളും അവിടെ നിന്ന് നോക്കിയാൽ നേരെ മുൻപിൽ മുകളിലായി സ്വാമി വിവേകാനന്ദ സ്മൃതി മണ്ഡപവും  കാണാം. ടെംപിളിനടുത്തു ഡിസ്‌കൗണ്ട് റേറ്റിൽ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്. ഞങ്ങൾ കുറച്ചു പുസ്തകങ്ങൾ വാങ്ങി. പിന്നെ സ്മൃതി മണ്ഡപത്തിലേക്ക് പടികൾ കയറി പോയി. ഹാളിനുള്ളിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായ ഒരന്തരീഷം. ഇതിനുള്ളിൽ ധ്യാനഹാൾ ആറു മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഞങ്ങൾ സൈഡിൽ ഉള്ള പാസ്സേജിലൂടെ പടികൾ ഇറങ്ങി സ്മൃതി മണ്ഡപത്തിന്റെ പിൻഭാഗത്തെത്തി.
 
 
 

അവിടെ മതിലിനോട് ചേർന്ന് താഴെയായി ധാരാളം മീനുകളെ വളർത്തുന്ന കുളം പോലുള്ള ഒന്ന് കെട്ടിയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള കടൽ കാഴ്ചകൾ വളരെ മനോഹരം തന്നെ. നേരെ മുൻപിൽ അനന്തമായി പരന്നു കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം. ഒരു വശത്തു അറബിക്കടൽ മറുവശത്തു ബംഗാൾ ഉൾക്കടൽ - മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥലം. കന്യാകുമാരി ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പും ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രവും എന്നതിലുപരി മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥാനവും സൂര്യാസ്തമയവും സൂര്യോദയവും  ഒരിടത്തുനിന്നുതന്നെ വളരെ മനോഹരമായി കാണാൻ കഴിയുന്ന ഒരു സ്ഥലവും കൂടിയാണ്..

 https://shinezworld.blogspot.com/2020/06/vattakottai-mystic-beauty-vattakottai.html

 

 

 



 

 

Friday, July 17, 2020

Shoranur- Nilambur Train Journey..

 


വൈകിട്ട് 3 മണിക്ക് പാലക്കാട്‌ ജില്ലയിലെ ഷൊർണുർ നിന്നും പുറപ്പെട്ടു കാടിന്റെ നടുവിലൂടെ 66കിലോമീറ്റർ അപ്പുറം പതിനൊന്നു റെയിൽവേ സ്റ്റേഷനുകൾ പിന്നിട്ട് മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേരുമ്പോൾ  സമയം ഏകദേശം 4.30.കാട്ടുമരച്ചില്ലകളെ തഴുകി കാടിന്റെ നടുവിലൂടെയുള്ള ഈ യാത്രയിൽ കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന മലയാള സിനിമയിലെ തീവണ്ടി യാത്ര യും ആ റെയിൽവേ സ്റ്റേഷനും ഓർമ്മകളിൽ എത്തുന്നു.

മഴക്കാലത്തെ കാട്ടിലൂടെയുള്ള ഈ യാത്ര നമുക്ക് അപ്പൂർവ്വമായ കാട്ടിലെ മഴദൃശ്യങ്ങളുടെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നു. പ്രകൃതി സൗന്ദര്യം നിറഞ്ഞ കാഴ്ചകളാണ് പാതയുടെ ഇരുവശവും.വഴിയിലുടനീളം  വളർന്നു പന്തലിച്ച ആൽ മരങ്ങളും തേക്ക് മരങ്ങളും കാണാം. ജീവിതത്തിൽ ഒരിക്കലെങ്കിലും കാടിനുള്ളിലൂടെയുള്ള ഈ യാത്രാനുഭവം ആസ്വദിക്കേണ്ടതാണ്. 


റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ അകലെ നിലമ്പൂർ പട്ടണത്തിലൂടെയാണ് കോഴിക്കോട് - ഊട്ടി നാഷണൽ ഹൈവേ കടന്നു പോകുന്നത്.  നിലമ്പൂർ തേക്ക് മരങ്ങൾക്ക് പേര് കേട്ട നാടാണ്. പ്രസിദ്ധമായ കനോലി തേക്ക് പ്ലോട്ട് ഇവിടെ അടുത്താണ്.

വർഷ കാലത്തും വേനലിലും ഒരു പോലെ നിറഞ്ഞൊഴുകുന്ന ജലസമൃദ്ധ മായ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന ചാലിയാറിന്റെ തീരത്താണ് നിലമ്പൂർ. 
ഷൊർണുർ നിന്നും യാത്ര ആരംഭിച്ചു കഴിഞ്ഞാൽ വാടാനാംകുറുശ്ശി, വള്ളപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവൂർ, തോടിയപുലം, വാണിയമ്പലം, നിലമ്പൂർ റോഡ് തുടങ്ങി പതിനൊന്നു സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ നിലമ്പൂർ എത്തുന്നത്. വർഷങ്ങൾക്കുമുൻപ് നട്ടുവളർത്തിയ ആല്, തേക്ക് പോലുള്ള മരങ്ങൾ ഈ സ്റ്റേഷനുകളിൽ ഉടനീളം കാണാം. ഇതാണ് ഇവിടുത്തെ മറ്റൊരാകർഷണം.

സ്റ്റേഷനുകളിലെ മരങ്ങൾ പലതും ഇപ്പോൾ മുറിച്ചു മാറ്റപ്പെട്ട അവസ്ഥയിലാണ്. വർഷ കാലത്ത് ഇവ സ്റ്റേഷന് ഭീഷണി ആയതിനാലാവും. കൂടാതെ ഈ ലൈൻ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കുറെയേറെ പുഴകളെയും കടന്നു പോകുന്നു. കുളുക്കല്ലൂരിന്‌  സമീപം കുന്തിപ്പുഴയെയും പട്ടിക്കാടിനു സമീപം കടലുണ്ടി പുഴയുടെ പോഷക നദിയായ വെള്ളിയാർ പുഴയെയും, മേലാറ്റൂരിന് സമീപം കടലുണ്ടി പുഴയുടെ മറ്റൊരു പോഷക നദിയായ ഒലിപ്പുഴയെയും വാണിയമ്പലത്തിനു സമീപം ചാലിയാർ പുഴയുടെ പോഷക നദിയായ കുതിരപ്പുഴയെയും പിന്നിട്ട്  നിലമ്പൂർ എത്തുന്നു. 
ചരിത്രം... 
ബ്രിട്ടീഷ് ഭരണകാലത്താണ് ഷൊർണുർ  - നിലമ്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നത്. തേക്കുമരങ്ങൾക്ക് സമൃദ്ധമായി വളരാൻ കഴിയുന്ന കാലാവസ്ഥയുള്ള നിലമ്പൂരിൽ 1840 ൽ ബ്രിട്ടീഷുകാർ തേക്ക്‌ പ്ലാന്റേഷൻ ആരംഭിച്ചു. പൂർണ്ണമായും തേക്കുമരങ്ങളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടിയാണ് ഈ പാത 1927 ൽ പണികഴിപ്പിച്ചത്. നിലമ്പൂരിൽ നിന്നും തേക്കുമരങ്ങൾ വളരെ എളുപ്പത്തിൽ തുറുമുഖത് എത്തിക്കുന്നതിനാണു ഈ പാത ഉപയോഗപ്പെടുത്തിയിരുന്നത്. 1941 ൽ ഈ ലൈൻ അടക്കപ്പെട്ടിരുന്നു. പിന്നീട് സ്വാതത്ര്യലബ്ധിക്കു ശേഷം 1954 ൽ വീണ്ടും ഈ ലൈൻ നവീകരിക്കപ്പെട്ടു പ്രവർത്തനം ആരംഭിച്ചു... 


യാത്ര ആസ്വദിക്കാൻ അനുയോജ്യമായ സമയം:
ഉച്ചകഴിഞ്ഞു 3 മണിക്ക് ഷൊർണുർ നിന്നും പുറപ്പെട്ട് വൈകിട്ട് 4.30 ന് നിലമ്പൂരിൽ എത്തിച്ചേരാം. തിരിച്ചു വൈകുന്നേരം 4.30 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6.30 ന് ഷൊർണുർ എത്താം. ട്രെയിൻ ടിക്കറ്റ് നിരക്ക് Rs 45/


 


 

Saturday, June 6, 2020

Vattakottai - A mystic Beauty.. Kanyakumari..


വട്ടക്കോട്ടയിലെ ഓണക്കളി 

കന്യാകുമാരിയിൽ എന്നെ ഏറെ ആകർഷിച്ച ഒരിടമാണ് വട്ടക്കോട്ടൈ. ഒരു രാജഭരണകാല പ്രതാപത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന  പ്രൗഡി ഇപ്പോഴും ഇവിടെ  കാണാം. ഇന്നവിടെ ധാരാളം ടുറിസ്റ്റുകൾ സന്ദർശിക്കുന്നു. ഇടയ്ക്കു ഫിലിം ഷൂട്ടിംഗ് നടക്കാറുണ്ട്. ഒരു പക്ഷേ അതിൽ പഴയ പ്രതാപ കാലത്തിന്റെ സീനുകളും ഉണ്ടാകാം .. കോട്ടയുടെ വശ്യ മനോഹാരിത കൊണ്ടാകും ഇത് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ ആയിത്തീർന്നത്.  
പേരുപോലെതന്നെ  വൃത്താകൃതിയിൽ, 
തിരുവിതാംകൂർ രാജഭരണകാലത്തു 
പണികഴിപ്പിച്ചിട്ടുള്ള വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു കോട്ടയാണിത്. പതിനെട്ടാം നൂറ്റാണ്ടിലെ  നിര്മാണരീതിയുടെ  ഭംഗിയും വൃത്താകൃതിയിൽ കടലിലേക്ക് ഇറങ്ങിനിൽകുന്ന ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും കൊണ്ടാകണം ഇങ്ങനെയൊരു വൃത്താകാര നിർമ്മാണരീതി  അവലംബിക്കാൻ കാരണമായിതീർന്നത്.  കലാകാലങ്ങളിലുള്ള നവീകരണ പ്രവർത്തനങ്ങളാൽ മോടിപിടിപ്പിച്ചിട്ടുള്ള ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് നു കീഴിൽ സംരക്ഷിക്കപ്പെടുന്നു.
              കന്യാകുമാരിയിൽ നിന്നും വടക്കുകിഴക്കായി ഏകദേശം ഏഴു കിലോമീറ്റർ അകലെ അഗസ്തീശ്വരം താലൂക്കിലാണ് ഈ കോട്ട. ഇവിടേയ്ക്ക് ബസ് സർവീസ് ഉണ്ട്. ഞങ്ങൾ നേരത്തെ ബുക്ക്‌ ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ ഇവിടെ എത്തി . ഏകദേശം മൂന്നുമണി സമയം.. വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു .. എല്ലാവരും ഉള്ളിലേക്ക് പ്രവേശിച്ചു. വളരെ വിശാലമായി മൂന്നര ഏക്കറിൽ നിരന്നു കിടക്കുന്ന പ്രദേശം.. അങ്ങിങ്ങായി കുറച്ചു പ്രായമേറിയ മരങ്ങൾ കാണുന്നുണ്ട്. അവയുടെ ശിഖരങ്ങൾ ചാഞ്ഞും വളഞ്ഞും വളർന്നു പ്രായാധിഘ്യത്താൽ  ചുക്കി ചുളിഞ്ഞിരിക്കുന്നു. ചുറ്റും ബസ് വെയ്റ്റിംഗ് ഷെഡ് പോലെ പണുത്തിട്ട ചെറു കെട്ടിടങ്ങൾ.  അതിനടുത്തു 
നടപ്പാത, സൈഡിൽ പുൽത്തകിടി, നടുവിൽ ഒരു കുളം. ഒരു സെൽഫിക്കു പറ്റിയ എല്ലാ സീനറികളും ഉണ്ടവിടെ. ആ നടപ്പാത അവസാനിക്കുന്നിടത്തു കുറേ പടവുകൾ കാണാം മുകളിലേക്ക്. പടവുകളുടെ രണ്ടു വശങ്ങളിലും സ്ലോപ്പാക്കി നിരത്തി ഇട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്തെന്നറിയില്ല. എന്തെങ്കിലും വാഹനം കയറ്റി കൊണ്ട് പോകുവാനായിരിക്കും എന്നു തോന്നുന്നു- അതിലൂടെ വാഹനം കയറ്റുന്നത് വളരെ  ശ്രമകരമായിരിക്കും.  ആ സ്ലോപ്പിലൂടെ മുകളിലേക്ക്നടന്നു  കയറിയാലോ എന്നുതോന്നി. പിന്നെ വീടേറെ ദൂരെ ആണല്ലോ എന്നുചിന്തിച്ചപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.



 അങ്ങനെ ഞങ്ങൾ ആ പടവുകളിലൂടെ കോട്ടയുടെ മുകളിൽ എത്തി. പച്ചപരവതാനി വിരിച്ചതുപോലെ പുല്ലു നിറഞ്ഞ, ഏകദേശം 3000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന ഗ്രൗണ്ട്, വശങ്ങളെല്ലാം കരിങ്കല്ലുകൊണ്ട് നല്ല ഘനത്തിൽ ഉയർത്തി കെട്ടിയിട്ടുണ്ട്. കടലിലേക്ക് ഇറങ്ങി നില്കുന്നതു കൊണ്ട് ഇരു വശങ്ങളിലും  മുന്പിലുമുള്ള കടൽക്കാഴ്ചകൾ വളരെ മനോഹരങ്ങളാണ്. ഈ കോട്ടയുടെ താഴെ കാണുന്ന കടൽ ഗൾഫ് ഓഫ് മാന്നാർ പൊതുവെ ശാന്തമാണ്.  നല്ല കാറ്റും താഴെ തിരമാലകളുടെ താളത്തിലുള്ള നൃത്താഭ്യാസങ്ങളും  അങ്ങകലെ ആകാശം കടലിനെ കൈ കോർത്തു നിൽക്കുന്ന വശ്യ സുന്ദരമായ കാഴ്ച്ച, മറുവശത്തു അങ്ങ് ദൂരെ പശ്ചിമഘട്ട മലനിരകളുടെ  ഒരു കോട്ട ഉയന്നു നില്കുന്നതായ കാഴ്ച്ച. അഗസ്ത്യ മലനിരകളാണ് ഇവിടെ നിന്നും കാണാൻ കഴിയുന്നത് - എല്ലാം കൊണ്ടും മറ്റേതോ ഒരു ലോകത്തു എത്തിപ്പെട്ട പ്രതീതി. ആദ്യകാലത്തു ഈ കോട്ടയുടെ മുകളിൽ നിന്നും നോക്കിയാൽ പത്ഭനാപപുരം പാലസ് കാണാമായിരുന്നു എന്ന് പറയുന്നു. ഇവിടെ നിന്നും അവിടേയ്ക്കു ഒരു തുരങ്ക പാതയും ഉണ്ടായിരുന്നു. രാജാവിനും പരിവാരങ്ങൾക്കും ശത്രു രാജ്യങ്ങളുടെ ആക്രമണ സാധ്യത കണ്ടെത്തുവാനായി കോട്ടയിലേക്കുള്ള രഹസ്യ യാത്ര ഈ തുരങ്ക പാതയിലൂടെ ആയിരുന്നു. പിന്നീട് ഈ പാത അടക്കപ്പെട്ടു. 
 


   ഗ്രൗണ്ടിൽ ധാരാളം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ചിലർ കടൽക്കാഴ്ചകൾ കാണുന്നു,  ചിലർ വെറുതെ കാറ്റുകൊണ്ട് നടക്കുന്നു. ചിലർ അങ്ങിങ്ങു  വെറുതെ തമാശകൾ പറഞ്ഞിരിക്കുന്നു. ചിലർ ചുറ്റുമതിലിൽ കയറി കൈകോർത്തു നിൽക്കുന്നു. ഗ്രൗണ്ട് ന്റെ ഒരറ്റത്ത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വളരെ കൗതുകമുണർത്തുന്ന ഒരു കായിക വിനോദം  അരങ്ങേറിക്കൊണ്ടിരിക്കുന്നു. കുറെ ആൺകുട്ടികൾ ഓരോരുത്തരായി ഓടിവന്ന് അവിടെ നടുക്കുനിൽക്കുന്ന ആളുകളുടെ മുകളിൽ ചാടിക്കയറി ഒരു മതിൽ സൃഷ്ട്ടിക്കുന്നു. അങ്ങിനെ പത്തിരുപതു പേര് ആയിക്കഴിയുമ്പോൾ എല്ലാവരുംകൂടി അവിടെ മറിഞ്ഞു വീഴുന്ന ആ വീഴ്ച അവർ ആഘോക്ഷമാക്കുന്നു . അവിടെനിന്നും ചാടിയെണീറ്റ് വീണ്ടും ആ കളി തുടരുന്നു. വൈകുന്നേരങ്ങളിലെ അവിടുത്തെ ഒരു വിനോദ പരിപാടി ആണെന്ന് തോന്നുന്നു. ചെറുതായി നിഴൽ മങ്ങാൻ തുടങ്ങി. ഞങ്ങൾ അവിടെനിന്നും തിരിച്ചു ലൈവ് സൺസെറ്റ് കാണുവാനായി .....