Showing posts with label Vattakotta. Show all posts
Showing posts with label Vattakotta. Show all posts

Saturday, June 6, 2020

Vattakottai - A mystic Beauty.. Kanyakumari..


വട്ടക്കോട്ടയിലെ ഓണക്കളി 

കന്യാകുമാരിയിൽ എന്നെ ഏറെ ആകർഷിച്ച ഒരിടമാണ് വട്ടക്കോട്ടൈ. ഒരു രാജഭരണകാല പ്രതാപത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന  പ്രൗഡി ഇപ്പോഴും ഇവിടെ  കാണാം. ഇന്നവിടെ ധാരാളം ടുറിസ്റ്റുകൾ സന്ദർശിക്കുന്നു. ഇടയ്ക്കു ഫിലിം ഷൂട്ടിംഗ് നടക്കാറുണ്ട്. ഒരു പക്ഷേ അതിൽ പഴയ പ്രതാപ കാലത്തിന്റെ സീനുകളും ഉണ്ടാകാം .. കോട്ടയുടെ വശ്യ മനോഹാരിത കൊണ്ടാകും ഇത് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ ആയിത്തീർന്നത്.  
പേരുപോലെതന്നെ  വൃത്താകൃതിയിൽ, 
തിരുവിതാംകൂർ രാജഭരണകാലത്തു 
പണികഴിപ്പിച്ചിട്ടുള്ള വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു കോട്ടയാണിത്. പതിനെട്ടാം നൂറ്റാണ്ടിലെ  നിര്മാണരീതിയുടെ  ഭംഗിയും വൃത്താകൃതിയിൽ കടലിലേക്ക് ഇറങ്ങിനിൽകുന്ന ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും കൊണ്ടാകണം ഇങ്ങനെയൊരു വൃത്താകാര നിർമ്മാണരീതി  അവലംബിക്കാൻ കാരണമായിതീർന്നത്.  കലാകാലങ്ങളിലുള്ള നവീകരണ പ്രവർത്തനങ്ങളാൽ മോടിപിടിപ്പിച്ചിട്ടുള്ള ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് നു കീഴിൽ സംരക്ഷിക്കപ്പെടുന്നു.
              കന്യാകുമാരിയിൽ നിന്നും വടക്കുകിഴക്കായി ഏകദേശം ഏഴു കിലോമീറ്റർ അകലെ അഗസ്തീശ്വരം താലൂക്കിലാണ് ഈ കോട്ട. ഇവിടേയ്ക്ക് ബസ് സർവീസ് ഉണ്ട്. ഞങ്ങൾ നേരത്തെ ബുക്ക്‌ ചെയ്തിരുന്ന ടെമ്പോ ട്രാവലറിൽ ഇവിടെ എത്തി . ഏകദേശം മൂന്നുമണി സമയം.. വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു .. എല്ലാവരും ഉള്ളിലേക്ക് പ്രവേശിച്ചു. വളരെ വിശാലമായി മൂന്നര ഏക്കറിൽ നിരന്നു കിടക്കുന്ന പ്രദേശം.. അങ്ങിങ്ങായി കുറച്ചു പ്രായമേറിയ മരങ്ങൾ കാണുന്നുണ്ട്. അവയുടെ ശിഖരങ്ങൾ ചാഞ്ഞും വളഞ്ഞും വളർന്നു പ്രായാധിഘ്യത്താൽ  ചുക്കി ചുളിഞ്ഞിരിക്കുന്നു. ചുറ്റും ബസ് വെയ്റ്റിംഗ് ഷെഡ് പോലെ പണുത്തിട്ട ചെറു കെട്ടിടങ്ങൾ.  അതിനടുത്തു 
നടപ്പാത, സൈഡിൽ പുൽത്തകിടി, നടുവിൽ ഒരു കുളം. ഒരു സെൽഫിക്കു പറ്റിയ എല്ലാ സീനറികളും ഉണ്ടവിടെ. ആ നടപ്പാത അവസാനിക്കുന്നിടത്തു കുറേ പടവുകൾ കാണാം മുകളിലേക്ക്. പടവുകളുടെ രണ്ടു വശങ്ങളിലും സ്ലോപ്പാക്കി നിരത്തി ഇട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്തെന്നറിയില്ല. എന്തെങ്കിലും വാഹനം കയറ്റി കൊണ്ട് പോകുവാനായിരിക്കും എന്നു തോന്നുന്നു- അതിലൂടെ വാഹനം കയറ്റുന്നത് വളരെ  ശ്രമകരമായിരിക്കും.  ആ സ്ലോപ്പിലൂടെ മുകളിലേക്ക്നടന്നു  കയറിയാലോ എന്നുതോന്നി. പിന്നെ വീടേറെ ദൂരെ ആണല്ലോ എന്നുചിന്തിച്ചപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.



 അങ്ങനെ ഞങ്ങൾ ആ പടവുകളിലൂടെ കോട്ടയുടെ മുകളിൽ എത്തി. പച്ചപരവതാനി വിരിച്ചതുപോലെ പുല്ലു നിറഞ്ഞ, ഏകദേശം 3000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന ഗ്രൗണ്ട്, വശങ്ങളെല്ലാം കരിങ്കല്ലുകൊണ്ട് നല്ല ഘനത്തിൽ ഉയർത്തി കെട്ടിയിട്ടുണ്ട്. കടലിലേക്ക് ഇറങ്ങി നില്കുന്നതു കൊണ്ട് ഇരു വശങ്ങളിലും  മുന്പിലുമുള്ള കടൽക്കാഴ്ചകൾ വളരെ മനോഹരങ്ങളാണ്. ഈ കോട്ടയുടെ താഴെ കാണുന്ന കടൽ ഗൾഫ് ഓഫ് മാന്നാർ പൊതുവെ ശാന്തമാണ്.  നല്ല കാറ്റും താഴെ തിരമാലകളുടെ താളത്തിലുള്ള നൃത്താഭ്യാസങ്ങളും  അങ്ങകലെ ആകാശം കടലിനെ കൈ കോർത്തു നിൽക്കുന്ന വശ്യ സുന്ദരമായ കാഴ്ച്ച, മറുവശത്തു അങ്ങ് ദൂരെ പശ്ചിമഘട്ട മലനിരകളുടെ  ഒരു കോട്ട ഉയന്നു നില്കുന്നതായ കാഴ്ച്ച. അഗസ്ത്യ മലനിരകളാണ് ഇവിടെ നിന്നും കാണാൻ കഴിയുന്നത് - എല്ലാം കൊണ്ടും മറ്റേതോ ഒരു ലോകത്തു എത്തിപ്പെട്ട പ്രതീതി. ആദ്യകാലത്തു ഈ കോട്ടയുടെ മുകളിൽ നിന്നും നോക്കിയാൽ പത്ഭനാപപുരം പാലസ് കാണാമായിരുന്നു എന്ന് പറയുന്നു. ഇവിടെ നിന്നും അവിടേയ്ക്കു ഒരു തുരങ്ക പാതയും ഉണ്ടായിരുന്നു. രാജാവിനും പരിവാരങ്ങൾക്കും ശത്രു രാജ്യങ്ങളുടെ ആക്രമണ സാധ്യത കണ്ടെത്തുവാനായി കോട്ടയിലേക്കുള്ള രഹസ്യ യാത്ര ഈ തുരങ്ക പാതയിലൂടെ ആയിരുന്നു. പിന്നീട് ഈ പാത അടക്കപ്പെട്ടു. 
 


   ഗ്രൗണ്ടിൽ ധാരാളം ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ചിലർ കടൽക്കാഴ്ചകൾ കാണുന്നു,  ചിലർ വെറുതെ കാറ്റുകൊണ്ട് നടക്കുന്നു. ചിലർ അങ്ങിങ്ങു  വെറുതെ തമാശകൾ പറഞ്ഞിരിക്കുന്നു. ചിലർ ചുറ്റുമതിലിൽ കയറി കൈകോർത്തു നിൽക്കുന്നു. ഗ്രൗണ്ട് ന്റെ ഒരറ്റത്ത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വളരെ കൗതുകമുണർത്തുന്ന ഒരു കായിക വിനോദം  അരങ്ങേറിക്കൊണ്ടിരിക്കുന്നു. കുറെ ആൺകുട്ടികൾ ഓരോരുത്തരായി ഓടിവന്ന് അവിടെ നടുക്കുനിൽക്കുന്ന ആളുകളുടെ മുകളിൽ ചാടിക്കയറി ഒരു മതിൽ സൃഷ്ട്ടിക്കുന്നു. അങ്ങിനെ പത്തിരുപതു പേര് ആയിക്കഴിയുമ്പോൾ എല്ലാവരുംകൂടി അവിടെ മറിഞ്ഞു വീഴുന്ന ആ വീഴ്ച അവർ ആഘോക്ഷമാക്കുന്നു . അവിടെനിന്നും ചാടിയെണീറ്റ് വീണ്ടും ആ കളി തുടരുന്നു. വൈകുന്നേരങ്ങളിലെ അവിടുത്തെ ഒരു വിനോദ പരിപാടി ആണെന്ന് തോന്നുന്നു. ചെറുതായി നിഴൽ മങ്ങാൻ തുടങ്ങി. ഞങ്ങൾ അവിടെനിന്നും തിരിച്ചു ലൈവ് സൺസെറ്റ് കാണുവാനായി .....