അത് ജനശദാബ്ധി എക്സ്പ്രസ്സ് ന്റെ ലാസ്റ്റ് സ്റ്റോപ്പ് ആയിരുന്നു. ഞങ്ങൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. സമയം ഏകദേശം അഞ്ചര മണി. നേരം വെളുത്തു തുടങ്ങി ഞങ്ങൾ റയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ നിന്ന് ഓരോ വടയും ചായയും കഴിച്ചു പുറത്തിറങ്ങി. നല്ല തണുപ്പുണ്ട്. കന്യാകുമാരി ബസ് വന്നു നിന്നു. ആ സ്റ്റോപ്പിൽ നിന്നും ഞങ്ങളോടൊപ്പം കുറച്ചു സ്ത്രീകളും കുട്ടികളും ബസിൽ കയറിയിട്ടുണ്ട്. അവർ ബസിൽ നിന്നാണ് യാത്ര ചെയുന്നത്. അടുത്തെവിടെയോ സ്റ്റോപ്പിൽ ഇറങ്ങാനുള്ളവരാണെന്ന് തോന്നുന്നു. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാൻ സീറ്റ്‌കിട്ടിയിരുന്നു. എന്നാലും നല്ല തിരക്കുണ്ട്. ബസ് നല്ല സ്പീഡിൽ തന്നെ നീങ്ങിതുടങ്ങി. പുറത്തു നിന്ന് നല്ല തണുത്ത കാറ്റ് ഉള്ളിലേക്കു വരുന്നുണ്ട്. ബസ് കരമനയാറും കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നെയ്യാറും കടന്ന് പാറശാലയിൽ കേരള തമിഴ്നാട് അതിർത്തി പിന്നിട്ടു കുതിക്കുകയായിരുന്നു.
റോഡിനിരുവശവുമുള്ള കാഴ്ച്ചകൾ അതിമനോഹരം തന്നെ. നിരന്നു കിടക്കുന്ന ഭൂപ്രദേശം. അങ്ങിങ്ങു ചിരട്ട കമിഴ്ത്തി വച്ചിരിക്കുന്ന പോലുള്ള ചെറു കുന്നുകൾ, വെള്ള നിറത്തിൽ ചുണ്ണാമ്പ് കല്ലിന്റെ കുന്നുകളാണെന്ന് തോന്നുന്നു. ആ കുന്നുകളിൽ അവിടവിടെ പച്ചപ്പും തെളിഞ്ഞു കാണാം. ബസ് കുഴിത്തുറയിൽ എത്തി. ഇവിടെ നല്ല ജലസമൃദ്ധമായ ഒരു പുഴ കാണാം. തമിഴ്നാടിന്റെ കേരള അതിർത്തിയിലുള്ള, പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റമായ മഹേന്ദ്ര ഹിൽസിൽ നിന്നുത്ഭവിക്കുന്ന പഹ്‌റാലി റിവർ ആണിത്. ഇരുവശങ്ങളിലും വൃക്ഷ നിബിഡ മായ ഒരു പുഴ. ഈ പുഴയിലെ ജലസമൃദ്ധി ഫലഭൂയിഷ്ടമായ ഒരു ഭൂപ്രദേശത്തെ സൂചിപ്പിക്കുന്നുണ്ട് . ഈ പുഴയുടെ ബ്രിഡ്ജ് അവസാനിക്കുന്നിടത്തുനിന്നാണ് പ്രസിദ്ധമായ മാർത്താണ്ഡം സ്റ്റീൽ ഫ്‌ളൈ ഓവർ ആരംഭിക്കുന്നത്. ഏകദേശം രണ്ടര കിലോമീറ്ററോളം ദയിർഘ്യമുള്ള ഈ ഫ്‌ളൈഓവറിലൂടെ വളരെയേറെ തിരക്കുള്ള മാർത്താണ്ഡം നഗരത്തെ അഞ്ചു മിനിറ്റുകൊണ്ട് മറികടന്നു പോകാം.
പതിനാറാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റ ആസ്ഥാന മായിരുന്ന പത്മനാഭപുരം പാലസ് ഇവിടെ നിന്നും വളരെ അധികം ദൂരത്തല്ല. പഴയ രാജഭരണകാലത്തിന്റെ പ്രൗഢഗംഭീരമായ തലയെടുപ്പുള്ള ഈ നഗരത്തിന് അതിന്റെ പ്രതാപ കാലത്തായിരുന്നു അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മയുടെ പേര് കിട്ടിയത്. തിരുവനന്തപുരം കന്യാകുമാരി റൂട്ടിലെയും കന്യാകുമാരി ജില്ലയിലെ തന്നെയും, വാണിജ്യ വ്യവസായ മേഖലകളിലെ വളരെ തിരക്കേറിയ ഒരു നഗരമാണ് ഇന്ന് മാർത്താണ്ഡം. പ്രഭാത കാഴ്ചകൾ വളരെ മങ്ങിയതായിരുന്നു വെങ്കിലും മനോഹരങ്ങളായിരുന്നു. മാർത്താണ്ഡം പിന്നിട്ടു ഞങ്ങൾ പർവ്വതീപുരത്തെത്തി. അവിടെ നിന്ന് അടുത്ത നഗരമായ നഗർകോവിലിന്റെ തിരക്കുകളെ മറികടക്കാൻ പർവ്വതീപുരം ഫ്‌ളൈഓവർ ആരംഭിക്കുന്നു ഇതിന്റെ നീളം ഏകദേശം ഒന്നര കിലോമീറ്റർ ഉണ്ട്. ഏകദേശം മൂന്ന് മിനിറ്റ് കൊണ്ട് നഗരത്തെ കടന്നുപോകാം. ഇനി അരമണിക്കൂർ യാത്ര കൂടി ഉണ്ടാകും കന്യാകുമാരിയിലേക്ക്. റോഡ് നല്ല വിശാലവും കയറ്റിറക്കങ്ങൾ ഇല്ലാത്തതുമാകയാൽ യാത്ര വളരെ സുഖകരമായിരുന്നു. ബസ് കന്യാകുമാരിയിൽ എത്തിയപ്പോൾ ഞങ്ങൾ വാവാധുരൈ ബീച്ചിനടുത്തുള്ള സ്റ്റോപ്പിൽ ആണ് ഇറങ്ങിയത്. അവിടെ അടുത്തായിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്ന റൂം ഉണ്ടായിരുന്നത്. മൂന്നു കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടു പേരടങ്ങുന്ന ലേഡീസിന്റെ ഒരു ടീം ആയിരുന്നു ഞങ്ങളുടെ ട്രിപ്പിൽ. കന്യാകുമാരിയിലെ നിരത്തുകൾ വളരെ വൃത്തിയുള്ളതായി തോന്നി. മുൻപ് തമിഴ്നാടിനെ കുറിച്ച് പറഞ്ഞു കേട്ടിരുന്നത് പോലെയല്ല. ഒരു പക്ഷേ ഇവിടം ഒരു ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിരുന്നതിനാലാകാം എല്ലാം കൊണ്ടും ഒരു കേരളത്തനിമ തോന്നുന്നത്. പിന്നീട് ഞങ്ങൾ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ
പ്രഭാതഭക്ഷണം കഴിക്കുവാൻ കയറി. നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു റെസ്റ്റോറന്റ് നല്ല ഭക്ഷണം. അവിടെ നിന്നും ഞങ്ങൾ റൂമിലേക്കു നടന്നു. ഒയോടെ ഓഫറിൽ ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. അധികം തിരക്കുകളൊന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു അത്. വിശാലമായ മുറ്റവും പരിസരവും കടന്ന് പടികൾ കയറി മുകൾ നിലയിലെത്തണം. പടികൾ കയറി നീളമേറിയ ഒരു വരാന്തയും കടന്ന് വേണം റൂമുകളിലെത്താൻ. എല്ലാം നല്ല വൃത്തി യുള്ള റൂമുകൾ തന്നെ..





ഇവിടെ നിന്ന് 500 മീറ്റർ ദൂരം മാത്രമേ ഉള്ളു വിവേകാനന്ദ പാറയിലെത്താൻ. ദൂരെ രണ്ടു പാറകൾ ഉയർന്നു നില്കുന്നത് കാണാം. ഒന്നിൽ വിവേകാനന്ദ സ്മൃതി മണ്ഡപവും ശ്രീപാദം ടെംപിളും, തൊട്ടടുത്ത ചെറിയ പാറയിൽ ഏകദേശം 133 അടി ഉയരത്തിൽ ഉള്ള തിരുവള്ളുവർ പ്രതിമയും. 5 മിനിറ്റ് യാത്രയിൽ ബോട്ട് വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ ജെട്ടിയിൽ എത്തി. ഇവിടെ വെയിലിനു പൊള്ളുന്ന ചൂടുണ്ട്. പോരുന്നവഴിക്ക് കൂളിംഗ് ഗ്ലാസ് വാങ്ങിയതിന്റെ ഗുണം അപ്പോഴാണ് അറിഞ്ഞത്. വിവേകാനന്ദ സ്മൃതി മണ്ഡപത്തിന്റ പ്രവേശനകവാടത്തിലേക്കെത്താൻ വീണ്ടും ക്യു നിൽക്കേണ്ടിവന്നു. റോക്ക്ന്റെ സൈഡിൽ കടലിനോട് ചേർന്ന ഒരു പാസ്സേജിലൂടെയാണ് മുകളിലേക്കു പോകേണ്ടത്. അവിടെ നിന്നു നോക്കിയാൽ കടൽ കാഴ്ചകളും വാവാതുരേ ബീച്ചും മറ്റു തീരക്കാഴ്ചകളും കൂടാതെ ഭഗവതി അമ്മൻ ടെംബിൾ, ഫിഷിങ് ഹാർബർ, സൺറൈസ് പോയന്റ്, ഔർ ലേഡി ഓഫ് റാൻസോം കാത്തോലിക് ചർച് എന്നിവയും കാണാം. അങ്ങു ദൂരെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യ പർവ്വതനിരകൾ ഉയർന്നു നിൽക്കുന്നു. അവിടെ നിന്ന് നമ്മുടെ ഭാരതഭൂമിയെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു ചിത്രകാരൻ തന്റെ ചിത്രത്തെ അതിന്റെ നിർമാണാന്ത്യത്തിൽ തെല്ലു മാറിനിന്നു നോക്കിക്കാണുന്ന ഒരു പ്രതീതി. ഇവിടെ നിന്നു നമ്മുടെ നാടിനെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാൾക്കും ഒരു ഉൾകാഴ്ചക്ക് വക നൽകുന്നൊരാന്തരീഷം. ക്യു കുറച്ചൊന്നു നീങ്ങി തുടങ്ങി. മുകളിലേക്ക് കുറെ പടികൾ കയറി പോകാനുണ്ട്. അവിടെ ഒരു സ്ഥലത്തു പാദരക്ഷകൾ സൂക്ഷിക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്ന് ചെരുപ്പഴിച്ചപ്പോൾ കാല് ചുട്ടുപൊള്ളുന്ന ചൂട്. ചൂടിനെ അതിജീവിക്കാൻ നടപ്പാതകളിൽ വെള്ള പെയിന്റ് അടിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം എഴുപത്തഞ്ച് അടിയോളം ഉയർന്നുനിൽകുന്നതും, ഏകദേശം പതിനേഴായിരം ചതുരസ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതുമായ വിവേകാനന്ദ റോക്കിന്റെ ഒരു വശത്തു ശ്രീപാദം ടെംപിളും അവിടെ നിന്ന് നോക്കിയാൽ നേരെ മുൻപിൽ മുകളിലായി സ്വാമി വിവേകാനന്ദ സ്മൃതി മണ്ഡപവും കാണാം. ടെംപിളിനടുത്തു ഡിസ്‌കൗണ്ട് റേറ്റിൽ പുസ്തകങ്ങൾ വിൽക്കുന്നുണ്ട്. ഞങ്ങൾ കുറച്ചു പുസ്തകങ്ങൾ വാങ്ങി. പിന്നെ സ്മൃതി മണ്ഡപത്തിലേക്ക് പടികൾ കയറി പോയി. ഹാളിനുള്ളിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായ ഒരന്തരീഷം. ഇതിനുള്ളിൽ ധ്യാനഹാൾ ആറു മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഞങ്ങൾ സൈഡിൽ ഉള്ള പാസ്സേജിലൂടെ പടികൾ ഇറങ്ങി സ്മൃതി മണ്ഡപത്തിന്റെ പിൻഭാഗത്തെത്തി.


