Showing posts with label movie. Show all posts
Showing posts with label movie. Show all posts

Saturday, December 26, 2020

Enola Holmes(2020) Movie Review

 


Enola Holmes (2020)
മൂവി റിവ്യൂ
Director: Harry Bradbeer
Story by: Nancy Springer
Screen Play: Jack Thorne
Starring: Milli Bobby Brown, Sam Claflin, Henry Cavill, Helena Bonham Carter, Adeel Akhtar, Fiona Shaw.

ഷെർലക്  ഹോംസും   സഹോദരൻ  മൈക്രോഫ്റ്റ്  ഹോംസും  നമുക്ക് കണ്ടു പരിചയമുള്ള കഥാപാത്രങ്ങളാണെങ്കിലും ഈ സിനിമയിലെ താരം അവരുടെ സഹോദരിയായ എനോലയാണ്.
കാണാതായ തന്റെ അമ്മയെ തിരഞ്ഞിറങ്ങുന്ന  എനോല  എന്ന  പതിനാറുകാരിയായ കേന്ദ്രകഥാപാത്രത്തെ  മില്ലി ബോബി ബ്രൗൺ എന്ന പതിനാറുകാരിയായ  അഭിനേത്രി അതിസമർത്ഥമായ രീതിയിൽ അവതരിപ്പിക്കുന്നു.

ഒരു ദിനം ഉറക്കം ഉണർന്നപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ തന്റെ  അമ്മ അവശേഷിപ്പിച്ച തെളിവുകൾ പരിശോധിച്ചു മനസിലാക്കി  അമ്മയെ തേടി എനോല  ലണ്ടനിലേക്ക്  പോകുന്നു.  യാത്രാമധ്യേ അവൾക്ക് വളരെ അധികം പ്രശ്നങ്ങളുള്ള ഒരു  കൂട്ടുകാരനെയും ലഭിക്കുന്നു. കൂട്ടുകാരന്റെ പ്രശ്നങ്ങളും അവളുടെ പ്രശ്നങ്ങളായിത്തന്നെ കണക്കിലെടുക്കുന്നു. ഇതിനിടയിൽ എനോളയെ തിരഞ്ഞു സഹോദരങ്ങളായ ഷെർലോക് ഹോംസും മൈക്രോഫ്റ്റ് ഹോംസും ലണ്ടനിലെത്തുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ വിദഗ്ദമായി കൈകാര്യം ചെയ്യുന്ന എനോലയുമാണ് ഈ ചിത്രത്തിൽ.

പൊതുവെ പെൺകുട്ടികളെ ഒരു “പെർഫെക്ട്  വൈഫ്‌  പ്രോഡക്റ്റ്” ആകുവാൻ പഠിപ്പിക്കുന്ന  പെരുമാറ്റരീതികളോ, ബോർഡിങ് വിദ്യാഭ്യാസമോ അല്ല അമ്മ എനോലയെ ശീലിപ്പിച്ചത് .  മെറ്റീരിയൽ  ആർട്സും, ശാസ്ത്ര വിഷയങ്ങളുമാണ് അവളെ പഠിപ്പിച്ചത്, കൂടാതെ വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിപ്പിച്ചു. അങ്ങനെ ഒരു മോഡേൺ ലൈഫ് സ്റ്റൈൽ  പിന്തുടരുന്ന  പെൺകുട്ടിയാണ് ഈ കഥാപാത്രം.

അമ്മയെ തിരഞ്ഞു കണ്ടെത്തണം, സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയിരിക്കണം, കൂട്ടുകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം, ഇതെല്ലാമാണ് ഈ യാത്രയിലെ  പ്രശ്നങ്ങൾ. അങ്ങനെ  ഈ യാത്ര എനോലയ്ക്ക് അവളെത്തന്നെ തിരിച്ചറിയുവാനുള്ള ഒന്നായി മാറുന്നു.
നാൻസി സ്പ്രിംഗർ എഴുതിയ എനോല ഹോംസ് മിസ്റ്ററിസ് എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ഈ സിനിമയുടെ ഏറ്റവും മികച്ച കരുത്ത്.
ഫോർത്ത് വാൾ ബ്രേക്കിങ് എന്ന നരേഷൻ ടെക്നിക് ആണ് സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എനോല ഹോംസ് പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നതാണ് ഈ രീതി.

ചിത്രത്തിന്റെ ദൃശ്യഭംഗിയും, എനോല  ആയി മില്ലി  ബോബി  ബ്രൌൺ ന്റെ പ്രകടനവും, എനോല കാണികളോട് സംസാരിക്കുന്ന രീതിയിലുള്ള കഥാഗതിയും, എല്ലാം കൂടി ചേർന്ന്  “Enola Holmes” നല്ലൊരു സിനിമാനുഭവമായി തീരുന്നു .

കണ്ടുശീലിച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും Enola Holmes വേറിട്ട് നിൽക്കുന്ന ഒരു സിനിമാനുഭവം തന്നെ.

Thursday, December 3, 2020

Backtrack - Movie Review


 മകളുടെ അകാലമരണത്തെ തുടർന്ന് താമസസ്ഥലം മാറി പുതിയ നഗരത്തിലെത്തിയ പീറ്ററിന്റെയും ഭാര്യ കാരളിന്റെയും അവർ നേരിടുന്ന പ്രശ്നങ്ങളുടെയും കഥപറയുന്ന ചിത്രമാണ് മൈക്കൽ  പെട്രോണി സംവിധാനം ചെയ്ത ബാക്ക്‌ട്രാക്ക് (2015) എന്ന ചിത്രം.

 ഹോളിവുഡ് താരം ആഡ്രിയൻ ബ്രോഡിയാണ് പീറ്ററെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 മകൾ ഈവി മരിച്ചതിനു ശേഷം സിഡ്‌നിയിൽനിന്നു താമസം മാറ്റിയതാണ് പീറ്റർ ബവർ എന്ന സൈക്കോതെറാപ്പിസ്റ്റും ഭാര്യ കാരളും. തെരുവിലൂടെ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ  പാഞ്ഞുവന്ന ട്രക്ക് സൈക്കിളിലിടിച്ചായിരുന്നു ഈവിയുടെ മരണം. മകളുടെ ഓർമകളെ പറിച്ചെറിയാൻ വേണ്ടി പുതിയ നഗരത്തിലേക്കു താമസം മാറിയതാണ് പീറ്ററും കാരളും.

 ഈ നഗരത്തിൽ അവരെ പിന്തുടരുന്നത് പ്രേതാത്മാക്കൾ ആണെന്ന് അവർ അറിയുന്നില്ല. അതിനിടെ ആണ് പീറ്ററിന്റെ അധ്യാപകനായ ഡംഗൻ അദ്ദേഹത്തിന്റെ ചില പേഷ്യന്റ്സിനെ കൗൺസലിങ്ങിനായി പീറ്ററിന്റെ അരികിലേക്ക് പറഞ്ഞുവിടുന്നത്. അവർ എല്ലാവരും തന്നെ വളരെ വിചിത്ര സ്വഭാവമുള്ളവരായിരുന്നു. 

ഒരു രാത്രിയിൽ എലിസബത്ത് വലന്റൈൻ എന്ന പെൺകുട്ടി  പീറ്ററിനെ തേടിയെത്തി. ഈവിയുടെ അതേ പ്രായമുള്ള ഒരു പെൺകുട്ടി. അവളുടെ പെരുമാറ്റത്തിൽ അവൾ ആരെയോ ഭയക്കുന്നതായി കാണപ്പെടുന്നുണ്ട്. ഒരിക്കൽ  ക്ലിനിക്കിനു സമീപത്തുകൂടി ട്രെയിൻ പാഞ്ഞു പോയപ്പോൾ  പുറത്തേക്കു നോക്കി ഭീതിയോടെ വിറയ്ക്കുന്നുണ്ടായിരുന്നു  അവൾ. പക്ഷേ അതിനുശേഷം അവളെ കാണാതാവുകയും ചെയ്തു.  പീറ്ററിന്റെ 

 യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ പേഷ്യന്റ്സ് പല പ്രേതരൂപങ്ങളിൽ  റെയിൽവേ സ്റ്റേഷനിലും ട്രെയിനിലുമെല്ലാം  പ്രത്യക്ഷപ്പെടാൻ തുടങ്ങി.  എലിസബത്തും പ്രേതമായിരുന്നോയെന്നും  പീറ്റർ സംശയിച്ചു. 

ഈ ചിത്രത്തിലെ നിഗൂഢതകൾ നിറഞ്ഞ കഥാപാത്രങ്ങളാണ് പീറ്ററും പീറ്ററിന്റെ പിതാവ് വില്യം,  കോൺസ്റ്റബിൾ ബാർബറ എന്നിവർ. 

നിഗൂഢതയുടെ കുരുക്കഴിയുന്നതും  ഈ മൂന്നു പേരിലൂടെയാണ്. അതുവരെയുള്ള നിഗമനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് പിന്നീട് പീറ്ററിനു മുന്നിൽ സത്യം തെളിയുന്നത്. സത്യത്തിലേക്കുള്ള പീറ്ററിന്റെ ആ തിരിഞ്ഞുനടത്തമാണ് ‘ബാക്ക്ട്രാക്ക്’ എന്ന പേരിലൂടെ സംവിധായകൻ വ്യക്തമാക്കുന്നത്.

ഈ സിനിമയിൽ പീറ്ററിനെ പിന്തുടരുന്ന ആത്മാക്കൾ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തു  ഒരു ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു പോയ വ്യക്തികൾ ആയിരുന്നു.  ഈ ആത്മാക്കൾക്ക് അവരുടെ മരണത്തിന്റെ യഥാർഥ കാരണം ലോകത്തോടു വിളിച്ചു പറയണം.

മകൻ–അച്ഛൻ ബന്ധത്തിനു പിന്നിലെ ആ നിഗൂഢതയും ട്രെയിനപകടത്തിനു പിന്നിലെ രഹസ്യവും ആത്മാക്കളുടെ പ്രതികാരം ആരെ ലക്ഷ്യമിട്ടായിരുന്നുവെന്നുമെല്ലാം മനസ്സിലാക്കാൻ ബാക്ക്ട്രാക്ക് അവസാനം വരെ കാണേണ്ടി വരും. സംവിധായകന്റെ സംവിധാനമികവിൽ ഒരു പ്രേത ചിത്രത്തിന്റെ എല്ലാവിധ ഗുണങ്ങളും ഈ സിനിമയ്ക്ക് സ്വന്തമാണ്. 

നിശബ്ദതയിൽ പെട്ടെന്നുണ്ടാകുന്ന ‍ഞെട്ടലുകളും അലറുന്ന ആത്മാക്കളും രാത്രിയിലെ പേടിപ്പെടുത്തുന്ന കാഴ്ചകളുമെല്ലാമായി ഒരു ടിപ്പിക്കൽ പ്രേതചിത്രത്തിന്റെ രൂപം സ്വീകരിക്കുന്നു ബാക്ക്ട്രാക്ക്.  പ്രേക്ഷകന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ക്ലൈമാക്സിൽ നൽകുന്ന ചിത്രമല്ല ഇത്. പ്രേഷകമനസിൽ കുറെയേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് Backtrack എന്ന ചിത്രം അവസാനിക്കുന്നത്.