Enola Holmes (2020)
മൂവി റിവ്യൂ
Director: Harry Bradbeer
Story by: Nancy Springer
Screen Play: Jack Thorne
Starring: Milli Bobby Brown, Sam Claflin, Henry Cavill, Helena Bonham Carter, Adeel Akhtar, Fiona Shaw.
ഷെർലക് ഹോംസും സഹോദരൻ മൈക്രോഫ്റ്റ് ഹോംസും നമുക്ക് കണ്ടു പരിചയമുള്ള കഥാപാത്രങ്ങളാണെങ്കിലും ഈ സിനിമയിലെ താരം അവരുടെ സഹോദരിയായ എനോലയാണ്.
കാണാതായ തന്റെ അമ്മയെ തിരഞ്ഞിറങ്ങുന്ന എനോല എന്ന പതിനാറുകാരിയായ കേന്ദ്രകഥാപാത്രത്തെ മില്ലി ബോബി ബ്രൗൺ എന്ന പതിനാറുകാരിയായ അഭിനേത്രി അതിസമർത്ഥമായ രീതിയിൽ അവതരിപ്പിക്കുന്നു.
ഒരു ദിനം ഉറക്കം ഉണർന്നപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ തന്റെ അമ്മ അവശേഷിപ്പിച്ച തെളിവുകൾ പരിശോധിച്ചു മനസിലാക്കി അമ്മയെ തേടി എനോല ലണ്ടനിലേക്ക് പോകുന്നു. യാത്രാമധ്യേ അവൾക്ക് വളരെ അധികം പ്രശ്നങ്ങളുള്ള ഒരു കൂട്ടുകാരനെയും ലഭിക്കുന്നു. കൂട്ടുകാരന്റെ പ്രശ്നങ്ങളും അവളുടെ പ്രശ്നങ്ങളായിത്തന്നെ കണക്കിലെടുക്കുന്നു. ഇതിനിടയിൽ എനോളയെ തിരഞ്ഞു സഹോദരങ്ങളായ ഷെർലോക് ഹോംസും മൈക്രോഫ്റ്റ് ഹോംസും ലണ്ടനിലെത്തുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ വിദഗ്ദമായി കൈകാര്യം ചെയ്യുന്ന എനോലയുമാണ് ഈ ചിത്രത്തിൽ.
പൊതുവെ പെൺകുട്ടികളെ ഒരു “പെർഫെക്ട് വൈഫ് പ്രോഡക്റ്റ്” ആകുവാൻ പഠിപ്പിക്കുന്ന പെരുമാറ്റരീതികളോ, ബോർഡിങ് വിദ്യാഭ്യാസമോ അല്ല അമ്മ എനോലയെ ശീലിപ്പിച്ചത് . മെറ്റീരിയൽ ആർട്സും, ശാസ്ത്ര വിഷയങ്ങളുമാണ് അവളെ പഠിപ്പിച്ചത്, കൂടാതെ വായനശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിപ്പിച്ചു. അങ്ങനെ ഒരു മോഡേൺ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം.
അമ്മയെ തിരഞ്ഞു കണ്ടെത്തണം, സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയിരിക്കണം, കൂട്ടുകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം, ഇതെല്ലാമാണ് ഈ യാത്രയിലെ പ്രശ്നങ്ങൾ. അങ്ങനെ ഈ യാത്ര എനോലയ്ക്ക് അവളെത്തന്നെ തിരിച്ചറിയുവാനുള്ള ഒന്നായി മാറുന്നു.
നാൻസി സ്പ്രിംഗർ എഴുതിയ എനോല ഹോംസ് മിസ്റ്ററിസ് എന്ന പുസ്തകത്തെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് ഈ സിനിമയുടെ ഏറ്റവും മികച്ച കരുത്ത്.
ഫോർത്ത് വാൾ ബ്രേക്കിങ് എന്ന നരേഷൻ ടെക്നിക് ആണ് സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എനോല ഹോംസ് പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നതാണ് ഈ രീതി.
ചിത്രത്തിന്റെ ദൃശ്യഭംഗിയും, എനോല ആയി മില്ലി ബോബി ബ്രൌൺ ന്റെ പ്രകടനവും, എനോല കാണികളോട് സംസാരിക്കുന്ന രീതിയിലുള്ള കഥാഗതിയും, എല്ലാം കൂടി ചേർന്ന് “Enola Holmes” നല്ലൊരു സിനിമാനുഭവമായി തീരുന്നു .
കണ്ടുശീലിച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും Enola Holmes വേറിട്ട് നിൽക്കുന്ന ഒരു സിനിമാനുഭവം തന്നെ.

