മകളുടെ അകാലമരണത്തെ തുടർന്ന് താമസസ്ഥലം മാറി പുതിയ നഗരത്തിലെത്തിയ പീറ്ററിന്റെയും ഭാര്യ കാരളിന്റെയും അവർ നേരിടുന്ന പ്രശ്നങ്ങളുടെയും കഥപറയുന്ന ചിത്രമാണ് മൈക്കൽ പെട്രോണി സംവിധാനം ചെയ്ത ബാക്ക്‌ട്രാക്ക് (2015) എന്ന ചിത്രം.
ഹോളിവുഡ് താരം ആഡ്രിയൻ ബ്രോഡിയാണ് പീറ്ററെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മകൾ ഈവി മരിച്ചതിനു ശേഷം സിഡ്‌നിയിൽനിന്നു താമസം മാറ്റിയതാണ് പീറ്റർ ബവർ എന്ന സൈക്കോതെറാപ്പിസ്റ്റും ഭാര്യ കാരളും. തെരുവിലൂടെ മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പാഞ്ഞുവന്ന ട്രക്ക് സൈക്കിളിലിടിച്ചായിരുന്നു ഈവിയുടെ മരണം. മകളുടെ ഓർമകളെ പറിച്ചെറിയാൻ വേണ്ടി പുതിയ നഗരത്തിലേക്കു താമസം മാറിയതാണ് പീറ്ററും കാരളും.
ഈ നഗരത്തിൽ അവരെ പിന്തുടരുന്നത് പ്രേതാത്മാക്കൾ ആണെന്ന് അവർ അറിയുന്നില്ല. അതിനിടെ ആണ് പീറ്ററിന്റെ അധ്യാപകനായ ഡംഗൻ അദ്ദേഹത്തിന്റെ ചില പേഷ്യന്റ്സിനെ കൗൺസലിങ്ങിനായി പീറ്ററിന്റെ അരികിലേക്ക് പറഞ്ഞുവിടുന്നത്. അവർ എല്ലാവരും തന്നെ വളരെ വിചിത്ര സ്വഭാവമുള്ളവരായിരുന്നു.
ഒരു രാത്രിയിൽ എലിസബത്ത് വലന്റൈൻ എന്ന പെൺകുട്ടി പീറ്ററിനെ തേടിയെത്തി. ഈവിയുടെ അതേ പ്രായമുള്ള ഒരു പെൺകുട്ടി. അവളുടെ പെരുമാറ്റത്തിൽ അവൾ ആരെയോ ഭയക്കുന്നതായി കാണപ്പെടുന്നുണ്ട്. ഒരിക്കൽ ക്ലിനിക്കിനു സമീപത്തുകൂടി ട്രെയിൻ പാഞ്ഞു പോയപ്പോൾ പുറത്തേക്കു നോക്കി ഭീതിയോടെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷേ അതിനുശേഷം അവളെ കാണാതാവുകയും ചെയ്തു. പീറ്ററിന്റെ
യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ പേഷ്യന്റ്സ് പല പ്രേതരൂപങ്ങളിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനിലുമെല്ലാം പ്രത്യക്ഷപ്പെടാൻ തുടങ്ങി. എലിസബത്തും പ്രേതമായിരുന്നോയെന്നും പീറ്റർ സംശയിച്ചു.
ഈ ചിത്രത്തിലെ നിഗൂഢതകൾ നിറഞ്ഞ കഥാപാത്രങ്ങളാണ് പീറ്ററും പീറ്ററിന്റെ പിതാവ് വില്യം, കോൺസ്റ്റബിൾ ബാർബറ എന്നിവർ.
നിഗൂഢതയുടെ കുരുക്കഴിയുന്നതും ഈ മൂന്നു പേരിലൂടെയാണ്. അതുവരെയുള്ള നിഗമനങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് പിന്നീട് പീറ്ററിനു മുന്നിൽ സത്യം തെളിയുന്നത്. സത്യത്തിലേക്കുള്ള പീറ്ററിന്റെ ആ തിരിഞ്ഞുനടത്തമാണ് ‘ബാക്ക്ട്രാക്ക്’ എന്ന പേരിലൂടെ സംവിധായകൻ വ്യക്തമാക്കുന്നത്.
ഈ സിനിമയിൽ പീറ്ററിനെ പിന്തുടരുന്ന ആത്മാക്കൾ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തു ഒരു ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു പോയ വ്യക്തികൾ ആയിരുന്നു. ഈ ആത്മാക്കൾക്ക് അവരുടെ മരണത്തിന്റെ യഥാർഥ കാരണം ലോകത്തോടു വിളിച്ചു പറയണം.
മകൻ–അച്ഛൻ ബന്ധത്തിനു പിന്നിലെ ആ നിഗൂഢതയും ട്രെയിനപകടത്തിനു പിന്നിലെ രഹസ്യവും ആത്മാക്കളുടെ പ്രതികാരം ആരെ ലക്ഷ്യമിട്ടായിരുന്നുവെന്നുമെല്ലാം മനസ്സിലാക്കാൻ ബാക്ക്ട്രാക്ക് അവസാനം വരെ കാണേണ്ടി വരും. സംവിധായകന്റെ സംവിധാനമികവിൽ ഒരു പ്രേത ചിത്രത്തിന്റെ എല്ലാവിധ ഗുണങ്ങളും ഈ സിനിമയ്ക്ക് സ്വന്തമാണ്.
നിശബ്ദതയിൽ പെട്ടെന്നുണ്ടാകുന്ന ഞെട്ടലുകളും അലറുന്ന ആത്മാക്കളും രാത്രിയിലെ പേടിപ്പെടുത്തുന്ന കാഴ്ചകളുമെല്ലാമായി ഒരു ടിപ്പിക്കൽ പ്രേതചിത്രത്തിന്റെ രൂപം സ്വീകരിക്കുന്നു ബാക്ക്ട്രാക്ക്. പ്രേക്ഷകന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ക്ലൈമാക്സിൽ നൽകുന്ന ചിത്രമല്ല ഇത്. പ്രേഷകമനസിൽ കുറെയേറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് Backtrack എന്ന ചിത്രം അവസാനിക്കുന്നത്.
